Friday, March 15, 2013

ചാറ്റല്‍ മഴയില്‍

നിന്റെ ദുഃഖം എനിക്ക് തരൂ
പ്രിയതേ കരയരുതേ...
നിന്റെ ജന്മം എനിക്ക് തരൂ
നിഴലായ്‌ കൂട്ടിരിക്കാം
എന്നും നിഴലായ്‌ കൂട്ടിരിക്കാം...

കാതിരുന്നൊരു നാളിതല്ലേ സ്നേഹ ദീപമേ
ചാറ്റല്‍ മഴയില്‍ നമ്മളിന്നു ചേര്‍ന്നു നിന്നില്ലേ...
ശലഭമാമെന്‍ വര്‍ണ്ണ ചിറകുകളായി നീ 
തൊടിയിലെ പനിനീര്‍ മലരായി നീ
ഇന്നെന്റെ നെഞ്ചില്‍ തുടിക്കുന്ന ജീവന്‍ നിനക്കായ്‌ മാത്രം...

Monday, April 16, 2012

ചാറ്റല്‍ മഴയില്‍ - 1

പെട്ടന്നുള്ള യാത്രയായിരുന്നു അത്, ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ പോകുന്നതാനെന്നു എനിക്ക് അറിയാം. പക്ഷെ എന്ത്, എങ്ങനെ എന്നതിനെക്കുറിച്ച് എനിക്കാദിയുണ്ടായിരുന്നു. ഗള്‍ഫിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും നാട്ടില്‍ കത്തിയുരുകുന്ന പ്രശ്നങ്ങളുടെ നടുവിലേക്ക്. പക്ഷെ പോകാതിരിക്കാന്‍ പറ്റില്ല, കാരണം അതെന്റെ ജീവിതമാണ്. അത് ഉരുകിയുരുകി തീരും മുന്‍പേ എനിക്കവിടെ എത്തിയെ പറ്റു. ഇല്ലെങ്കില്‍ നഷ്ട്ടങ്ങളുടെ പട്ടികയില്‍ ഇനിയും വിലപിടിപ്പുള്ള ഒരുപാട് കണക്കുകള്‍ എഴുതിച്ചേര്‍ക്കേണ്ടി വരും. ചിലപ്പോള്‍ അവളുടെ കണ്ണീര്‍ ഒരു പ്രളയമായി, അതില്‍ ദിശയറിയാതെ ഞാന്‍ ഒഴുകിനടക്കുമായിരിക്കും..!!!

അതെ... അവള്‍, ശ്രീ..!!!
അവള്‍ എനിക്ക് എല്ലാമാണ്. എപ്പോഴോ ഞങ്ങള്‍ പരസ്പരം ആരൊക്കെയോ ആയി മാറിക്കഴിഞ്ഞിരുന്നു. എട്ടു മാസങ്ങളുടെ പ്രണയത്തിനു ശേഷം അവളെ ആദ്യമായി കാണാനുള്ള യാത്ര. മനസ്സിലെ പിരിമുറുക്കങ്ങള്‍ കൂടുന്നു, ദീപാലങ്കൃതമായ ഗള്‍ഫ്‌ നഗരത്തിലൂടെ നീങ്ങുന്ന കാറിന്റെ മുന്‍ സീറ്റില്‍ ചാരിയിരിക്കുമ്പോള്‍ സതീഷ്‌ മറ്റേതോ ലോകത്തായിരുന്നു. പിന്‍ സീറ്റില്‍ ഇരിന്നു തമാശകള്‍ പറയുന്ന സുഹൃത്തുക്കളുടെ ശബ്ദം അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. പുറകോട്ടു പാഞ്ഞകലുന്ന നഗരത്തിനു പുറകെ അവന്റെ മനസ്സും പാഞ്ഞു.. ഓര്‍മ്മകളിലേക്ക്‌.

Saturday, January 21, 2012

നൊമ്പരമായ്... പിന്നെ പ്രണയമായ് ... മഴ !


തെറ്റും ശരിയും അറിയാതെ.., ഇരുള്‍ മൂടിക്കിടന്ന ബാല്യത്തിന്റെ വിജനമായ വഴിയിലേക്ക്, വെളിച്ചം കടന്നു വരാന്‍ മടിച്ചു നിന്നിരുന്നു... അന്നെല്ലാം മഴ ഒരു നൊമ്പരമായിരുന്നു... രാത്രികളില്‍ ഓലപ്പഴുതിലൂടെ അരിച്ചിറങ്ങുന്ന മഴത്തുള്ളികളോട് വെറുപ്പായിരുന്നു... ചാണകം മെഴുകിയ തറയിലൂടെ പായയ്ക്കരികിലേക്ക് അരിച്ചു വരുന്ന നീര്ചാലുകളോട് തേരട്ടകളോടെന്നപോലെ വെറുപ്പ്‌... ചുരുട്ടിപ്പിടിച്ച തഴപ്പായയും പുതപ്പും ചേര്‍ത്ത് പിടിച്ചു ഇരുട്ടില്‍ മുടിയഴിച്ചാടുന്ന മഴയെ കാണുമ്പോള്‍, പാമ്പന്‍കാവില്‍ മുടിയഴിച്ചിട്ട് തുള്ളുന്ന സ്ത്രീകളെ ഓര്‍മ്മവരുന്നു... തൂങ്ങി വരുന്ന ഉറക്കത്തിലേക്കു പേടിസ്വപ്നമായ് മഴ ഉറയുകയായിരുന്നു... ദ്വാരം വീണ കുടക്കീഴില്‍, കൂട്ടുകാരെ ചേര്‍ത്ത് പിടിച്ചു പോകുമ്പോള്‍.., ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികള്‍ വെറുപ്പായിരുന്നു...  

സ്കൂള്‍ മൈതാനത്തെ മഴ പക്ഷെ എനിക്കിഷ്ടമായിരുന്നു... കൂട്ടുകാരോടൊത്ത് മഴ നനഞ്ഞു ഓടാന്‍, മൈതാനത്തെ മഴവെള്ളം കാല്‍ കൊണ്ട് തട്ടി തെറിപ്പിക്കാന്‍, മൈതാനത്തിനരികിലെ നെല്ലിക്ക മരം കുലുക്കി നനക്കാന്‍... പുസ്തക സഞ്ചി നെഞ്ചില്‍ ചേര്‍ത്ത് വച്ച് മഴയില്‍ ഓടുമ്പോള്‍.., മഴത്തുള്ളികള്‍ മുഖത്ത്തടിക്കുംപോള്‍.., ഈ മഴ നിലക്കാതിരിക്കട്ടെ എന്നാശിച്ചുപോകുമായിരുന്നു...

മഴയെ ഞാന്‍ അറിയാതെ സ്നേഹിച്ചു പോയിരുന്നു... മഴ പെയ്യുന്ന രാത്രിയില്‍.., ആ കുളിര്‍ കൊണ്ട്.., ആ പ്രണയത്തില്‍ നനഞ്ഞു നടക്കാന്‍ എനിക്കെന്നും ഇഷ്ടമാണ്... 

എന്റെ വിവാഹനാളില്‍ നേരിയ ചാറ്റലായി അനുഗ്രഹം ചൊരിഞ്ഞതും...

മറക്കില്ല.. ആ ഓര്‍മ്മകള്‍...